അങ്കാറ: എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തുർക്കി ഇപ്പോഴും അമേരിക്കയുമായി ചർച്ചയിലാണെന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു.
തുർക്കിയിൽനിന്നുള്ള പ്രതിനിധിസംഘം അമേരിക്കയുമായി ചർച്ച തുടരുകയാണെന്നും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്നും കസാഖ്സ്ഥാനിൽനിന്നുള്ള മടക്കയാത്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
തുർക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കാൻ എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പുരോഗതിയെപ്പറ്റിയും എർദോഗൻ വ്യക്തമാക്കി. ഇത് പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ പ്രതിരോധ, വ്യവസായ മേഖലകളിൽ പുതിയ ഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ കൂടുതൽ അത്യാധുനികവും ശക്തവുമായ ആയുധസംവിധാനങ്ങൾ നിർമിക്കാനുള്ള തുർക്കിയുടെ ദീർഘകാല ലക്ഷ്യങ്ങളുടെ തുടക്കം മാത്രമാണ് കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിയുടെ പ്രതിരോധ മേഖലയിൽ ആഗോളതലത്തിൽ വലിയ താത്പര്യം വർധിച്ചുവരുന്നതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇസ്താബൂളിൽ നടന്ന സാഹ എക്സ്പോയിൽ 200-ലധികം പ്രതിരോധ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ഏകദേശം എട്ട് ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പിടുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.